Monday, 6 July 2009

വേനല്‍മഴ

വേനല്‍മഴ എന്നിലെ ഭീതിയെ ഉണര്‍ത്തുന്നു
ഇടിനാദം മിന്നല്‍പിണരുകള്‍
ചുറ്റിലും കാണുന്ന കൂരിരുട്ട്
കണ്ണുകള്‍ പോലെ കാതുകളും
അടയ്ക്കാന്‍ ഞാനാശിക്കുന്നു
ഈ മേടമാസരാത്രിയില്‍ ഞാനും കുറെ ദുസ്വപ്നങ്ങളും
ഏതോ അജ്ഞാതമായ ഭയം എന്നില്‍ അരിച്ചുയരുന്നു

വേനല്‍മഴ എന്നിലെ കവിയെ ഉണര്‍ത്തുന്നു
കാറ്റും മഴയും
അസഹ്യമായ വേനല്‍ച്ചൂടില്‍
സാന്ത്വനകുളിരായി മഴ
കാറ്റില്‍ ആടുന്ന തെങ്ങോലകളും തെച്ചിപൂക്കളും
മഴയില്‍ നന്നഞ്ഞ വള്ളിചെടികളും പനിനീര്‍പൂക്കളും
ഏതോ അജ്ഞാതമായ സന്തോഷം എന്നില്‍ മുളച്ചു പൊന്തുന്നു

വേനല്‍മഴ എന്നിലെ ബാല്യത്തെ ഉണര്‍ത്തുന്നു
ഒലിച്ചു പോകുന്ന വെള്ളത്തില്‍
കടലാസുതോണികള്‍ ഒഴുക്കണം
ഇടിനാദം കേള്‍കുമ്പോള്‍ അമ്മയുടെ
മടിത്തട്ടില്‍ അഭയം പ്രാപിക്കണം
പഠിച്ചു മറന്ന കവിതകളിലെ വരികള്‍
ഓര്‍ത്തെടുത്തു മൂളണം
ഏതോ അജ്ഞാതമായ ശക്തി എന്നില്‍ ഉറച്ചുനില്‍ക്കുന്നു

No comments: