Tuesday, 18 August 2009

ചില പ്രണയചിന്തകള്‍

പുഴ നിലാവിനാല്‍ തഴുകപെടുന്നു
പൂക്കള്‍ മന്ദമാരുതനാല്‍ തഴുകപെടുന്നു
ഞാന്‍ നിന്‍റെ തലോടലിനായി കാത്തിരിക്കുന്നു

***********************************

നീ ദൂരേക്ക് പോയി മറഞ്ഞാലും
നിന്‍റെ സ്നേഹം എന്നെ തേടിയെത്തും
എന്‍റെ സ്നേഹം നിന്നെയും
അങ്ങനെ അകലങ്ങളെ നമ്മുക്കില്ലാതാക്കാം
നീലനിലാവുള്ള രാത്രിയില്‍ ആരാരുമറിയാതെ
നമുക്കൊത്തു ചേരാം
ഇരുഹൃദയങ്ങളെ ഒന്നാക്കാം

*************************************

വിരഹത്തിന്‍ വേനലില്‍
തീച്ചൂള പോലെ ഞാനുരുകുമ്പോള്‍
ഒരാശ്വാസ മഴയായി നീ
പെയ്യുന്നതും കാത്തു ഞാനിരുന്നു
ഈ ഒറ്റപെടലില്‍ ഞാനറിയാതെ
ആശിച്ച് പോകുന്നു
നീയെന്‍റെ അരികില്‍ പ്രണയത്തിന്‍റെയൊരു
തൂവല്‍സ്പര്‍ഷമായി വന്നെങ്കില്‍

**********************************

Friday, 17 July 2009

തീണ്ടായ്മ

മുറ്റത്തുയര്‍ന്ന പന്തലും
അടക്കി പിടിച്ച വര്‍ത്തമാനങ്ങളും
ചന്ദനത്തിരി ഗന്ധവും
അകത്തളത്തില്‍ ഉയരുന്ന അലമുറയും
ജീവിതനൌകയില്‍ മദ്ധ്യേ
ചുഴിയില്‍ പെട്ട് മുങ്ങിപോയി
നിശ്ചലനായി കിടക്കുന്ന അച്ഛനും

ക്ഷണിക്കപെടാത്ത അതിഥിയായി മരണം
ഇനിയീ വീട്ടില്‍ അച്ഛനില്ല
ഓര്‍മ്മകള്‍ മാത്രം

ചിതയൊരുങ്ങി
അരങ്ങോഴിയാന്‍ തയ്യാറായി അച്ഛനും
അവസാനമായി തൊട്ടുവന്ദിക്കാന്‍ ചെന്ന മകളും
" അരുത്‌ നീ തൊടരുത്
നിനക്ക് തീണ്ടായ്മ ആണ് "
മുത്തശ്ശിയോതി
ദൂരെ നിന്ന് മൌനമായി യാത്ര
ച്ചോല്ലേണ്ടി വന്ന നിസ്സഹായയായ മകള്‍

നിത്യനഷ്ടങ്ങളുടെയും തീവ്രദുഃഖങ്ങളുടെയും മുന്നില്‍പോലും
വിട്ടുവീഴ്ച ചെയ്യാത്ത ദുരാചാരങ്ങള്‍
തീണ്ടായ്മ
സ്ത്രീയുടെ നിത്യശാപം !!!!

Monday, 6 July 2009

........

ഇന്നുമാ കൊന്നമരം പൂത്തിരിക്കാം
ഇന്നുമാ മൈതാനം നിറഞ്ഞു നില്‍ക്കുന്നുണ്ടാകം
ഇന്നുമാ കെട്ടിടങ്ങള്‍ ശബ്ദപൂരിതമാകം
ഞാനിലായെങ്കിലും ആ വിദ്യാലയം
ചിരി തൂകുന്നുണ്ടാകും
ഒരിക്കല്‍ തഴുകി പിരിഞ്ഞു പോകുമ്പോള്‍
കരയ്ക്കല്ല , തിരമാലയ്ക്കല്ലേ നഷ്ടം
ആ സരസ്വതിനിലയത്തോടെ യാത്ര പറഞ്ഞപ്പോള്‍
നഷ്ടം എനിക്ക് മാത്രം
അവളിന്നും ഭാഗ്യവതി നഷ്ടങ്ങളിലാതെ

വേനല്‍മഴ

വേനല്‍മഴ എന്നിലെ ഭീതിയെ ഉണര്‍ത്തുന്നു
ഇടിനാദം മിന്നല്‍പിണരുകള്‍
ചുറ്റിലും കാണുന്ന കൂരിരുട്ട്
കണ്ണുകള്‍ പോലെ കാതുകളും
അടയ്ക്കാന്‍ ഞാനാശിക്കുന്നു
ഈ മേടമാസരാത്രിയില്‍ ഞാനും കുറെ ദുസ്വപ്നങ്ങളും
ഏതോ അജ്ഞാതമായ ഭയം എന്നില്‍ അരിച്ചുയരുന്നു

വേനല്‍മഴ എന്നിലെ കവിയെ ഉണര്‍ത്തുന്നു
കാറ്റും മഴയും
അസഹ്യമായ വേനല്‍ച്ചൂടില്‍
സാന്ത്വനകുളിരായി മഴ
കാറ്റില്‍ ആടുന്ന തെങ്ങോലകളും തെച്ചിപൂക്കളും
മഴയില്‍ നന്നഞ്ഞ വള്ളിചെടികളും പനിനീര്‍പൂക്കളും
ഏതോ അജ്ഞാതമായ സന്തോഷം എന്നില്‍ മുളച്ചു പൊന്തുന്നു

വേനല്‍മഴ എന്നിലെ ബാല്യത്തെ ഉണര്‍ത്തുന്നു
ഒലിച്ചു പോകുന്ന വെള്ളത്തില്‍
കടലാസുതോണികള്‍ ഒഴുക്കണം
ഇടിനാദം കേള്‍കുമ്പോള്‍ അമ്മയുടെ
മടിത്തട്ടില്‍ അഭയം പ്രാപിക്കണം
പഠിച്ചു മറന്ന കവിതകളിലെ വരികള്‍
ഓര്‍ത്തെടുത്തു മൂളണം
ഏതോ അജ്ഞാതമായ ശക്തി എന്നില്‍ ഉറച്ചുനില്‍ക്കുന്നു

Tuesday, 24 February 2009

Who

മഴ

ഇന്നലെ പെയ്ത മഴയില്‍
ഒരുപാട് പേരുടെ കണ്ണ്-
നീര്‍ ഒലിച്ച് പോയിരിക്കാം


ഇന്നലെ കേട്ട ആ തേങ്ങല്‍
ഇടിമുഴക്കത്തില്‍
അലിഞ്ഞു ചേര്‍ന്നിരിക്കാം


മഴ പെയ്തു തീര്‍ന്ന മാനം
പോലെ ആ ഹൃദയങ്ങളും
തെളിഞ്ഞിരിക്കാം


എങ്കിലും കണക്കുക്കുട്ടലുകള്‍
തെറ്റിയ മനസ്സുകളില്‍
ഒരു ശു‌ന്യത ഇപ്പോഴും
തളംകെട്ടി നില്‍ക്കുന്നുടാകാം


വീണ്ടും കാണുന്നു മിന്നല്‍പിണരുകള്‍
വീണ്ടും കേള്‍ക്കുന്നു ഇടിനാദം
അതാ ആ മനസ്സുകള്‍ വീണ്ടും
തകരുന്നു, മഴ പെയ്യുന്നു

Monday, 2 February 2009

പ്രണയം

പിരിയാനിനി നിമിഷങ്ങള്‍ മാത്രം ബാക്കി
ഈ വൈകിയ വേളയില്‍
യാത്ര ചൊല്ലുവാന്‍ വാക്കുകള്‍ പോലും
പരിമിതംപറയാതെ പോയ പ്രണയവും
അറിയാതെ പോയ മൗനവും
ഒരു തീരനോവായി മനസ്സില്‍

ഈ ഇരുണ്ട സായാഹ്നത്തില്‍
യാത്രാമൊഴി ചൊല്ലി പിരിയുന്ന തിരകള്‍ക്ക് മുന്നില്‍

ഞാനും നിയും
വിധിയുടെ പാവക്കൂത്തിലെ രണ്ട്ട് കളിപാവകളായി

ഈ അവസാനനിമിഷത്തില്‍
ഒന്ന് മാത്രമരിയാന്‍ മനസ്സു വീണ്ടും
നിരര്‍ത്ഥകം ആഗ്രഹിക്കുന്നു
നമുക്കിടെയിലെ അദൃശ്യമായ മതില്‍കെട്ട്
മനപൂര്‍വമോ യാദൃശ്ചികമോ

എന്‍റെയീ ചോദ്യവും മനസിലാക്കാതെ
ഉത്തരം നല്‍കാതെ
ഈ അരങ്ങില്‍ എന്നെ തനിച്ചാക്കി നീ നടന്നകലുന്നു
ഒരു വാക്കും മിണ്ടാതെ ....

Thursday, 22 January 2009

ബാക്കിപത്രം

ഈ യാത്രയില്‍ തേടുന്നു ഞാന്‍
ഒരു സഹയാത്രികയ്ക്കായി
വിഫലമെന്നറിഞ്ഞു കൊണ്ട്
പ്രതീക്ഷകള്‍ മാത്രം ബാക്കി

പിന്നിട്ട പാതയില്‍ നഷ്ട-
ങ്ങള്‍ മാത്രമായി ബാക്കി

ഇടയ്ക്കെപ്പോഴോ നേട്ടമായി വീണു
കിട്ടിയ പ്രണയവും സൗഹൃദവും
ഉടമസ്ഥന്‍ വന്നപ്പോള്‍ തിരി-
ച്ചേല്പിക്കേണ്ടി വന്നു
അവിടെ തീരാദു:ഖം മാത്രം ബാക്കി

എല്ലാവരും ഓടുന്നു ലക്ഷൃങ്ങള്‍ തേടി
ഈ പാതയില്‍ വീണ്ടും
നിര്‍വികാരയായി ഞാന്‍ മാത്രം ബാക്കി

ഈ ജീവിതയാത്രയില്‍ ഒടുക്കം
സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും
മാത്രം ബാക്കി !!!!!